പൂളക്കുറ്റി: ഉരുൾപൊട്ടലിൽ തകർന്ന കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റിയിൽ വെള്ളിയാഴ്ച ദുരന്തനിവാരണ അതോറിറ്റിയുടെ പേരിൽ നടത്തിയ മോക്ക് ഡ്രിൽ ആവശ്യമായിരുന്നോ എന്ന ചോദ്യം ശക്തമായി ഉയരുകയാണ്. രണ്ട് വർഷം മുൻപ് ഉരുൾപൊട്ടലിൽ മൂന്ന് ജീവനുകൾ നഷ്ടപ്പെടുകയും പഞ്ചായത്തിൻ്റെ കണക്ക് പ്രകാരം 60 കോടിയോളവും സർക്കാർ കണക്കിൽ 38 കോടിയോളവും നഷ്ടം സംഭവിച്ച പ്രദേശമാണ് കണിച്ചാർ. അവിടെ 38 കോടി രൂപയുടെ നഷ്ടം നികത്താൻ സർക്കാരും പഞ്ചായത്തും ദുരന്തനിവാരണ അതോറിറ്റിയും എന്ത് ചെയ്തു എന്ന ചോദ്യം ഇപ്പോഴും ബാക്കിയാക്കി കർഷകർകടബാധ്യതയിൽ നട്ടം തിരിഞ്ഞും കൃഷി നശിച്ചവർ കൃഷിയിടം ഉപേക്ഷിച്ചും വീട് നഷ്ടപ്പെട്ടവർ വീടില്ലാതെയും ഇപ്പോഴും കഴിയുമ്പോൾ ആണ് ഉരുൾപൊട്ടലുണ്ടായാൽ എന്ത് ചെയ്യണമെന്ന ഡമോൺസ്ട്രേഷനുമായി പഞ്ചായത്തും ദുരന്തനിവാരണ അതോറിറ്റിയും ഒക്കെ കൂടി രംഗത്ത് വന്നത്. 200 ഓളം സർക്കാർ ഉദ്യോഗസ്ഥർ പതിവ് ജോലികൾ എല്ലാം മാറ്റി വച്ച് മോക്ക് ഡ്രില്ലുമായി ദുരന്ത ഛായ നിറഞ്ഞ പൂളക്കുറ്റിയിലും വെള്ളറയിലും എത്തിയത്. എന്തിന് വേണ്ടി?
എന്താണ് മോക്ക്ഡ്രിൽ?
യഥാർത്ഥ ജീവിതത്തിലെ സംഭവങ്ങളിൽ ഫലപ്രദമായി പ്രതികരിക്കാൻ ആളുകളെ സജ്ജമാക്കുന്നതിനായി ഒരു അടിയന്തര സാഹചര്യത്തെ അനുകരിക്കുന്ന ഒരു പരിശീലന വ്യായാമമാണ് മോക്ക് ഡ്രിൽ . ഒരു യഥാർത്ഥ അടിയന്തരാവസ്ഥ ഉണ്ടാകുമ്പോൾ വേഗത്തിലും സുരക്ഷിതമായും കാര്യക്ഷമമായും എങ്ങനെ പ്രവർത്തിക്കണമെന്ന് എല്ലാവർക്കും അറിയാമെന്ന് ഉറപ്പാക്കാൻ ഈ ഡ്രില്ലുകൾ അത്യാവശ്യമാണ്. തീപിടുത്തമായാലും ഭൂകമ്പമായാലും മെഡിക്കൽ അടിയന്തരാവസ്ഥയായാലും മറ്റേതെങ്കിലും പ്രതിസന്ധിയായാലും, ജീവനക്കാർ, അല്ലെങ്കിൽ താമസക്കാർക്കിടയിൽ ആത്മവിശ്വാസം വളർത്താനും തയ്യാറെടുപ്പ് വർദ്ധിപ്പിക്കാനും മോക്ക് ഡ്രില്ലുകൾ സഹായിക്കുന്നു.
കണിച്ചാറിലും മുഴപ്പിലങ്ങാടും നടന്നത്
ചുഴലിക്കാറ്റ് പ്രതിരോധ തയ്യാറെടുപ്പ് മോക്ഡ്രില്‍ സംഘടിപ്പിച്ചു
ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളും നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന് ദേശീയ ദുരന്തനിവാരണ അതോറിറ്റിയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി കണ്ണൂര്‍ മുഴപ്പിലങ്ങാട് പാച്ചകര വാര്‍ഡ് ഒന്നില്‍ മോക്ഡ്രില്‍ സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൈകാര്യശേഷി വര്‍ധിപ്പിക്കുക, സമൂഹാധിഷ്ഠിത ദുരന്തനിവാരണം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ജനപ്രതിനിധികള്‍, പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആരോഗ്യ പ്രവര്‍ത്തകര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ ഏകോപനത്തോടെയാണ് മോക്ഡ്രില്‍ നടന്നത്. ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം, കണ്ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, സൈറണുകളുടെ പ്രവര്‍ത്തനം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ-രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം തുടങ്ങിയ സുപ്രധാന കാര്യങ്ങള്‍ മോക്ഡ്രില്ലില്‍ പൂര്‍ത്തികരിച്ചു.
അതിതീവ്ര ചുഴലിക്കാറ്റ് തെക്കു കിഴക്കന്‍ അറബിക്കടലില്‍ കണ്ണൂര്‍ - കൊച്ചി തീരത്തിന് സമീപം സ്ഥിതി ചെയ്യുന്നുണ്ടെന്നും രാവിലെ പത്തിനും 11 നും ഇടയില്‍ ആലപ്പുഴയ്ക്കും ചാവക്കാടിനും ഇടയില്‍ കൊച്ചിയ്ക്കു സമീപം മണിക്കൂറില്‍ പരമാവധി 210 കിലോമീറ്റര്‍ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും കണ്ണൂര്‍ താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലേക്ക് അപകട സാധ്യതാ സന്ദേശം ലഭിച്ചു. തുടര്‍ന്ന് മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ ജാഗരൂകരാകാനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ നിന്നും മുഴപ്പിലങ്ങാട് വില്ലേജ് ഓഫീസുകളിലേക്കും ഗ്രാമപഞ്ചായത്തിലേക്കും വിവരം കൈമാറി. വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ പെര്‍ഫെക്റ്റ് ഇംഗ്ലീഷ് സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറക്കുവാനുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു. ജനങ്ങളോട് ജാഗ്രത പുലര്‍ത്താനും ബീച്ചുകളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കാനും കച്ചവട സ്ഥാപനങ്ങള്‍ അടച്ചിടാനും നിര്‍ദേശിച്ചു. മൈക്ക് അനൗണ്‍സ്മെന്റ് വഴി തീരദേശ വാസികള്‍ക്ക് സുരക്ഷിതരായി ക്യാമ്പില്‍ എത്തിച്ചേരാനുള്ള നിര്‍ദേശങ്ങള്‍ നല്‍കി.
വില്ലേജ് ഓഫീസര്‍ ഇന്‍ചാര്‍ജ്, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ എന്നിവര്‍ സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനവും ആളുകളെ ഒഴിപ്പിക്കാനും ആരംഭിച്ചു. പോലീസും ജനപ്രതിനിധികളും ബീച്ച് പരിസരങ്ങളില്‍ നിന്ന് ജനങ്ങളെ സുരക്ഷിതമായി ക്യാമ്പില്‍ എത്തിച്ചു. ഫയര്‍ ആന്റ് റെസ്‌ക്യൂ ടീം അംഗങ്ങള്‍ ആംബുലന്‍സില്‍ എത്തിച്ച കിടപ്പ് രോഗികള്‍ക്ക് മെഡിക്കല്‍ ടീം അംഗങ്ങള്‍ പ്രഥമ ശുശ്രൂഷ നല്‍കി. ആകെ 30 കുടുംബങ്ങളില്‍ നിന്നായി 115 പേരെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. ഗുരുതരമായി പരിക്കുപറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡുകാരാണ് മോക്ഡ്രില്ലില്‍ പങ്കാളികളായത്. പ്രദേശവാസികള്‍ക്ക് മോക്ഡ്രില്‍ സംബന്ധിച്ച വിവരങ്ങള്‍ മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി. സജിത, വില്ലേജ് ഓഫീസര്‍ ഇന്‍ചാര്‍ജ് ജാഫര്‍ സാദിഖ്, സിവില്‍ ഡിഫന്‍സ് അംഗം സുനില്‍കുമാര്‍, ഫയര്‍ സ്റ്റേഷന്‍ അസിസ്റ്റന്റ് ഓഫീസര്‍ ഒ. കെ രജീഷ്, പോലീസ് എസ് ഐ എന്‍. ജിതേഷ്, മെഡിക്കല്‍ ഓഫീസര്‍ മേഘ മോഹന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഫൈസല്‍ വള്ളിയോട്ട് എന്നിവര്‍ വിശദീകരിച്ചു. കണ്ണൂര്‍ തഹസില്‍ദാര്‍ എം. കെ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ മോക്ഡ്രില്‍ അവലോകനം ചെയ്തു. എല്ലാ വകുപ്പുകളും കാര്യക്ഷമമായി പ്രവര്‍ത്തിച്ചെന്നും ഏകോപനം മികച്ച രീതിയിലാണ് നടന്നതെന്നും ഉദ്യോഗസ്ഥര്‍ക്കും സേനാ അംഗങ്ങള്‍ക്കും കാര്യക്ഷമമായി സജ്ജമാകാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഉരുള്‍പൊട്ടല്‍ നേരിടാന്‍ ആത്മവിശ്വാസം പകര്‍ന്ന് മോക്ഡ്രില്‍
കണിച്ചാര്‍ പഞ്ചായത്തിലെ പൂളക്കുറ്റി വാര്‍ഡ് എട്ടിലെ സെമിനാരി വില്ല ഭാഗത്താണ് ചുഴലിക്കാറ്റിനോടനുബന്ധമായുള്ള ഉരുള്‍പൊട്ടല്‍ നേരിടുന്നതിനുള്ള മോക്ഡ്രില്‍ അരങ്ങേറിയത്. ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കനത്ത മഴ സംബന്ധച്ച് പൂളക്കുറ്റി, സെമിനാരി വില്ല ഭാഗത്തെ ജനങ്ങള്‍ ജാഗരൂകരാകാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ നിന്ന് കണ്ണൂര്‍ താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലേക്ക് അപകട സാധ്യതാ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് കണിച്ചാര്‍ വില്ലേജ് ഓഫീസുകളിലേക്കും ഗ്രാമപഞ്ചായത്തിലേക്കും വിവരം കൈമാറി. തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മോക്ഡ്രില്‍ സംബന്ധിച്ച വിവരങ്ങള്‍ കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍, ഡിവൈഎസ്പി കെ.വി പ്രമോദന്‍, വില്ലേജ് ഓഫീസര്‍ എസ് പ്രകാശ്, പേരാവൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സി ശശി, ഇരിട്ടി ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ ടി.വി ഉണ്ണികൃഷ്ണന്‍, പേരാവൂര്‍ സിഐ പി ബി സജീവ്, ഇരിട്ടി സി ഐ എ കുട്ടികൃഷ്ണന്‍, കേളകം സി ഐ ഇതിഹാസ് താഹ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിശദീകരണം നല്‍കി. തുടര്‍ന്ന് ദുരന്തബാധിത പ്രദേശങ്ങളിലുള്ളവരെ കേളകം സെന്റ് മേരീസ് ചര്‍ച്ച് സണ്‍ഡേ സ്‌കൂളില്‍ സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ക്യാമ്പില്‍ മെഡിക്കല്‍ ടീമിനെയും സജ്ജമാക്കിയിരുന്നു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗവും ആപാത് മിത്ര, സിവില്‍ ഡിഫന്‍സ് വോളണ്ടിയേഴ്സ് എന്നിവരും ആളുകളെ ദുരന്തഭൂമിയില്‍ നിന്ന് മാറ്റുന്നതിനുള്ള ഡ്രില്‍, മണ്ണിനടിയില്‍ പുതഞ്ഞുപോയവരെ സ്ട്രച്ചറില്‍ കിടത്തി കയറുപയോഗിച്ച് ഉയര്‍ത്തികൊണ്ടുവരുന്നതിനുള്ള ഡ്രില്‍ എന്നിവ നടത്തി. ദുരന്തസമയത്ത് പ്രവര്‍ത്തിപ്പിക്കുന്ന വിവിധ സാങ്കേതിക സംവിധാനങ്ങളും പരീക്ഷിച്ചു. ഇരിട്ടി തഹസില്‍ദാര്‍ സി വി പ്രകാശന്റെ നേതൃത്വത്തില്‍ മോക്ഡ്രില്‍ അവലോകനം നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോ. അതുല്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ.ടി രാജീവന്‍, എം.സി സീനത്ത്, ഭൂരേഖ തഹസില്‍ദാര്‍ രഘുനാഥ്, പഞ്ചായത്ത് റെസിലന്‍സ് ഓഫീസര്‍ കെ നിധിന്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും മോക്ഡ്രില്ലില്‍ പങ്കെടുത്തു.
ജില്ലാതലത്തില്‍ രൂപീകരിച്ച ഐ ആര്‍ എസ് ടീമിന് ഡെപ്യൂട്ടി കലക്ടര്‍ കെ വി ശ്രുതി ന്വേതൃത്വം നല്‍കി. ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ കെ ബിജുമോന്‍, കുത്തുപറമ്പ് എസ് ടി ഒ ഓഫീസര്‍ പി. ഷനിത്ത്, സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി എ.വി ജോണ്‍, എല്‍ എസ് ജി ഡി ജൂനിയര്‍ സൂപ്രണ്ട് കെ.ആര്‍ സജിത്ത്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍ സനല്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.പി ജോജു, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി സുഭാഷ് പി, ജില്ലാ ദുരന്തനിവാരണ ജൂനിയര്‍ ഓഫീസര്‍ ആര്‍.കെ രാഗേഷ്, ഹസാര്‍ഡ് അനലിസ്റ്റ് എസ്. ഐശ്വര്യ, പി.സരിന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ.സി സച്ചിന്‍ തുടങ്ങിയവര്‍ ജില്ലയില്‍ രണ്ടിടങ്ങളില്‍ നടന്ന മോക്ക്ഡ്രില്ലിന്റെ അവലോകനം നടത്തി.
ആർക്ക് വേണ്ടിയാണ് മോക്ക്ഡ്രിൽ നടത്തിയത്?
ജനങ്ങൾക്ക് വേണ്ടിയും നാട്ടുകാർക്ക് വേണ്ടിയുമെന്ന് പഞ്ചായത്ത് ഭരണകൂടവും ഭരണപക്ഷ ഉദ്യോഗസ്ഥരും അവകാശപ്പെടും. പക്ഷെ ഈ മോക്ക്ഡ്രില്ലിൽ നാട്ടുകാർ തികച്ച് നൂറ് പേർ പോലും അറിയാനുള്ള ആഗ്രഹം കൊണ്ടു പോലും വന്നില്ല. കണിച്ചാർ പഞ്ചായത്ത് അംഗങ്ങളിൽ 5 പേർ പോലും ആ വഴിക്ക് വന്നില്ല. ആകെ പഞ്ചായത്ത് ഭരണകക്ഷി കണ്ടെത്തിയ ചിലർ വന്നു എന്ന തൊഴിച്ചാൽ മറ്റാരും എത്തിയില്ല. ബോധവൽക്കരിക്കേണ്ടത് ജനത്തെയാണെങ്കിൽ ജനങ്ങളെ വിളിച്ചു ചേർക്കേണ്ടതായിരുന്നു. അതല്ല ഉദ്യോഗസ്ഥർക്കും പഞ്ചായത്തിനുമാണ് ബോധവർക്കരണം ആവശ്യമെങ്കിൽ ഒരു യോഗം ചേർന്ന് ഉദ്യോഗസ്ഥർ അവരവർ നിർവ്വഹിക്കേണ്ട ഉത്തരവാദിത്വങ്ങൾ ക്രോഡീകരിച്ചാൽ പോരേ? അല്ലങ്കിൽ തന്നെ ഉരുൾപ്പൊട്ടലിൽ ദുരന്തമെത്തുന്ന നേരത്ത് സർട്ടിഫിക്കറ്റുകൾ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നൊക്കെ ഗൗരവത്തിൽ അനൗൺസ് ചെയ്ത് നടത്തുന്ന ഇത്തരം ബോധവൽക്കരണമൊക്കെ മോക്ക് ഡ്രില്ലിൻ്റെയൊക്കെ ഗൗരവത്തെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. രാവിലെ 8 മണിക്ക് തുടങ്ങിയ മോക്ക്ഡ്രിൽ ഇഴഞ്ഞു നീങ്ങി ഒരു മണി വരെയായി. പൂളക്കുറ്റിയിൽ ദുരന്തഫലങ്ങൾ എല്ലാം അനുഭവിക്കുന്ന ജനത്തിന് എന്ത് സന്ദേശമാണ് ഈ തരം മോക്ക്ഡ്രില്ലുകൾക്ക് നൽകാൻ കഴിയുക എന്ന് പറയേണ്ടത് പഞ്ചായത്ത് ഭരിക്കുന്നവരാണ്. റവന്യൂ വകുപ്പാണ്. ഇനിയൊരു ദുരന്തമുണ്ടായാൽ ഓടി രക്ഷപ്പെടാൻ ഇത്തരം പ്രത്യേക പരിശീലനമൊന്നും ആവശ്യമില്ല. ജീവൻ്റെ അതിജീവനത്തിന് തിയറ്ററ്റിക്കലായ രക്ഷ നോക്കില്ലാരും. അതിജീവിക്കാൻ ഇരുളിൽ അവർ കിട്ടുന്ന ദിശയിലേക്ക് ഓടും. പക്ഷെ ജീവനോടെ അവശേഷിക്കുന്നവർക്ക് ജീവിതത്തിൽ അതിജീവിക്കാനാണ് സർക്കാർ സഹായിക്കേണ്ടത്. അതാകട്ടെ ഇനിയും വേണ്ടവിധം ചെയ്യാത്ത പഞ്ചായത്തും സർക്കാരുമാണ് മോക്ക്ഡ്രിൽ എന്ന പേരിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇതിനൊക്കെ എത്ര ചിലവായി എന്നും വ്യക്തമാക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്.
Was it a mock drill conducted in Vellara?